അഭിനയത്തിൽ നിന്നും വീണ്ടും സംവിധാനരംഗത്തേയ്ക്ക് ജൂഡ്; കഥ ഇന്ദുഗോപൻ

നടനായും സംവിധായകനായും മലയാളസിനിമയിൽ തിളങ്ങുന്ന താരമാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ എന്നീ ഹിറ്റുകൾക്കു ശേഷം താരം കൂടുതൽ തിളങ്ങിയതും അഭിനയരംഗത്തായിരുന്നു. പിന്നീട് ചാനൽരംഗത്തും തന്റേതായ ഇടംനേടി. ഇപ്പോഴിതാ മൂന്നു വർഷങ്ങൾക്കു ശേഷം ജൂഡ് സംവിധാനരംഗത്തേക്കു തിരിച്ചെത്തുന്നു.

അനന്തവിഷന്റെ ബാനറിൽ ജി. ആർ. ഇന്ദുഗോപൻ കഥ എഴുതുന്ന ചിത്രമാണ് ജൂഡ് അടുത്തതായി സംവിധാനം െചയ്യുക. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നീണ്ട ഇടവേളയ്ക്കുശേഷം ഇന്ദുഗോപന്റെ ശക്തമായ മടങ്ങിവരവു കൂടിയാകും ഈ സിനിമ. ക്ലാസ്സ്‌മേറ്റ്സ്, ചോക്ലേറ്റ്, മെമ്മറീസ്‌ തുടങ്ങിയ ഹിറ്റുകളുെട സ്രഷ്ടാക്കളായ അനന്തവിഷൻ ബാനർ ആണ് നിർമാണം.

‘നാലു വർഷമായി എനിക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന എന്‍റെ പ്രിയ നിർമാതാക്കൾ ശാന്ത ചേച്ചിയും മുരളിയേട്ടനും. ക്ലാസ്സ്‌മേറ്റ്സ് ,ചോക്ലേറ്റ്, മെമ്മറീസ്‌ തുടങ്ങി ഒരുപാട് മികച്ച സിനിമകൾ നിർമിച്ച അനന്തവിഷൻ. "ഒറ്റക്കയ്യൻ" എന്ന സിനിമ ചെയ്ത് അവാർഡുകൾ വാരി സിനിമയിൽ നിന്നും അവധിയെടുത്തു പോയ, ശക്തമായി തിരിച്ചു വരവിനൊരുങ്ങുന്ന എന്‍റെ സ്വന്തം ചേട്ടനെ പോലെ ഞാൻ കാണുന്ന അതിലുപരി ഗംഭീര കക്ഷിയുമായ ഇന്ദുഗോപൻ ചേട്ടന്റെ എഴുത്ത്. പടത്തിന്റെ ബാക്കി വിവരങ്ങൾ പുറകെ.’– ജൂഡ് കുറിച്ചു.

സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. താരനിർണയം നടന്നുവരുന്നു.

അതേസമയം ജൂഡിന്റേതായി പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രം ‘2403 ഫീറ്റ്’ന്റെ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ‘ഏറെ മുതൽമുടക്കുള്ള പ്രോജക്ട് ആയതിനാൽ നിരവധി മുന്നൊരുക്കങ്ങള്‍ സിനിമയ്ക്ക് ആവശ്യമാണ്. തിരക്കഥ അവസാനഘട്ടത്തിലാണ്. നമ്മൾ മലയാളികൾക്ക്, ലോകത്തിനു മുന്നിൽ അഭിമാനിക്കാൻ വഴിയൊരുക്കുന്ന ചിത്രമാകും 2403.’–ജൂഡ് പറയുന്നു.

ഇന്ദുഗോപനുമൊത്തുള്ള പ്രോജക്ട് പൂർത്തീകരിച്ച ശേഷമാകും ജൂഡ്, 2403 ഫീറ്റിലേക്കു കടക്കുക.

6 months ago