തെന്നിന്ത്യയിൽ മമ്മൂട്ടി തരംഗം; പ്രശംസിച്ച് സൂര്യ

‘ആദ്യം ‘പേരൻപ്’ ഇപ്പോൾ ‘യാത്ര’. കേട്ടതെല്ലാം മികച്ച അഭിപ്രായം. എന്തു വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ് മമ്മൂക്ക..’ തമിഴിലും തെലുങ്കിലും ഒരേസമയം ‘പേരൻപോ’ടെ മമ്മൂട്ടി നടത്തുന്ന ‘യാത്ര’യെക്കുറിച്ച് സൂര്യ ട്വിറ്ററിൽ കുറിച്ച വരികളാണിത്. ഇന്ത്യൻ സിനിമയുടെ എല്ലാ സത്യത്തോടും ശുദ്ധിയോടും കൂടി ഞങ്ങളെ ഇങ്ങനെ പ്രചോദിപ്പിക്കുന്നിത്, രണ്ടു ചിത്രത്തിന്റെ അണിയറക്കാർക്കും നന്ദി അറിയിക്കുന്നതായും സൂര്യ ട്വിറ്ററിൽ കുറിച്ചു. ഇതിനു പിന്നാലെ സൂര്യയുടെ ട്വീറ്റിന് നന്ദിയർപ്പിച്ച് മമ്മൂട്ടിയും രംഗത്തെത്തി. ഇതോടെ സൂര്യ ആരാധകരും മമ്മൂട്ടി ആരാധകരും തികഞ്ഞ ആവേശത്തിലാണ്.

പത്തുവര്‍ഷത്തെ ഇടവേളക്കു ശേഷമാണ് റാം സംവിധാനം ചെയ്ത പേരൻപിലൂടെ മമ്മൂട്ടി തമിഴകത്ത് എത്തുന്നത്. ഉള്ളുപൊള്ളിക്കുന്ന കഥാപാത്രമായി മമ്മൂട്ടിയും സാധനയും തിളങ്ങിയപ്പോൾ തമിഴകത്തും കേരളത്തിലും ‘നല്ല സിനിമ’ എന്ന വാചകത്തിലേക്ക് സിനിമ ഒാടികയറി. ഇപ്പോഴും ജീവിതങ്ങളെ തിയറ്ററിലെത്തിച്ച് ചിത്രം മുന്നേറുകയാണ്.

26 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തുന്നത്. തെലുങ്കന്റെ ആത്മാവ് തൊട്ട് നെറുകിൽ വച്ച്, ആന്ധ്രയെ ഇളക്കി മറിച്ച് ഭരണം നേടിയ വൈഎസ്ആറിന്റെ ഐതിഹാസിക യാത്രയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് യാത്ര. മഹി വി. രാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങൾക്ക് മാത്രമല്ല ഏതു ഭാഷയ്ക്കും താൻ വഴങ്ങുന്ന നടനാണെന്ന് മമ്മൂട്ടി ഇൗ രണ്ടുചിത്രങ്ങളിലൂടെ ഒരിക്കൽ കൂടി തെളിയിക്കുകയാണ്. 

 

6 months ago