വേലി തകര്‍ന്നു; രക്ഷകനായി വിജയ്

സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും രക്ഷകനായി വിജയ്. വേലി മറിയാതെ തടഞ്ഞുനിർത്തി താരം ഒഴിവാക്കിയത് വൻ അപകട‌മാണ്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരങ്ങളാണ് പ്രിയതാരത്തെ കാണാൻ ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. 

ഷൂട്ടിന്റെ ഇടവേളയിൽ തന്നെ കാണാൻ കാത്തു നിൽക്കുന്ന ആരാധകർക്ക് അരികിലേക്ക് വിജയ് എത്തി. ചെറിയ ചാല്‍ ചാടിക്കടന്ന് ആരാധകര്‍ക്ക് അരികിലേക്ക് വിജയ് എത്തുകയായിരുന്നു. അപ്പോഴാണ് വേലി തകര്‍ന്ന് വീഴാന്‍ തുടങ്ങിയത്. ആദ്യം അമ്പരന്ന വിജയ് പൊടുന്നനെ മുന്നോട്ടാഞ്ഞ് വേലി താങ്ങി. ഒപ്പം അദ്ദേഹത്തിന്റെ സഹായികളും പങ്കാളികളായി.

താരത്തിനു മുന്നിൽ, ഒരു സുരക്ഷാവേലിയുടെ അപ്പുറത്തായിരുന്നു ആരാധകർക്ക് നിൽക്കാൻ അവസരമൊരുക്കിയിരുന്നത്. വിജയ് വന്ന ആവേശത്തിൽ ആരാധകർ മുന്നോട്ടു വന്നപ്പോൾ വേലി മറിയുകയായിരുന്നു. വലിയ അപകടമാണ് ഒഴിവായത്. താരത്തിന്റെ സഹായികളും ഉടൻ തന്നെ ഓടിയെത്തി വേലി മറിയാതെ പിടിച്ചു നിർത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. വിഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

2 months ago