കഴിവുണ്ടെങ്കിൽ ആരു ചവിട്ടിയാലും വീണുപോകില്ല; ‘പതിനെട്ടുവയസ്സില്’ കയ്യടിനേടി പാർവതി

ജീവിതം തികച്ചും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ. ഒരുപെൺകുട്ടിയുടെ സ്വപ്നങ്ങൾ ഒറ്റനിമിഷത്തിൽ മാറിപ്പോകുന്ന അവസ്ഥയിൽ അവൾ എന്തിനീ ജീവിതം എന്നു ചിലപ്പോഴെങ്കിലും ചിന്തിക്കും. അങ്ങനെയൊരു മാനസീകാവസ്ഥയിലൂടെ കടന്നുപോകുകയാണ് ഒരുപെൺജീവിതം. പാർവതി, ആസിഫ് അലി, ടൊവീനോ തോമസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ഉയരെ’യിലേതാണു ഗാനം. 

‘പതിനെട്ട് വയസ്സില്

വെളുപ്പാൻകാലത്ത്

രാവിലെ ഏറ്റപ്പോ

കണ്ണാടി നോക്ക്യപ്പോ

എന്തൊരു സങ്കടം

എന്തൊരു ജീവിതം’

തികച്ചും വ്യത്യസ്തമായ വരികൾ എഴുതിയിരിക്കുന്നത് രനീഷ് ഒറ്റപ്പാലം ആണ്. ഗോപി സുന്ദറിന്റെതാണു സംഗീതം. ക്രിസ്തകലയാണു ഗാനം ആലപിച്ചിരിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം രണ്ടുലക്ഷത്തോളംപേർ  ഇതിനോടകം ഗാനം യൂട്യൂബിൽ കണ്ടത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. 

പാർവതിയുടെ കുട്ടിക്കാലവും യൗവനവുമെല്ലാം ചിത്രീകരിക്കുന്നതാണു ഗാനം. കുട്ടിക്കാലം കാസ്റ്റ് ചെയ്തിരിക്കുന്നത് ഗംഭീരമാണെന്നാണ് ആരാധകരുടെ പ്രതികരണം. കഴിവുണ്ടെങ്കിൽ ആരുചവിട്ടിയാലും വീണുപോകില്ല. ഗോപി സുന്ദറിന്റെ സംഗീതവും മികവു പുലർത്തുന്നതാണെന്നുമാണു ഗാനത്തിനു വരുന്ന കമന്റുകൾ. മികച്ച മോട്ടിവേഷൻ ഗാനമാണെന്നും പലരും അഭിപ്രായപ്പെടുന്നു. 

ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണു സിനിമ എത്തുന്നത്. പല്ലവി എന്ന കഥാപാത്രമായാണ് പാർവതി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ബോബി–സഞ്ജയ്. മനു അശോകനാണു സംവിധാനം. രഞ്ജി പണിക്കർ, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

3 months ago