വിവാഹം കഴിഞ്ഞ സ്ത്രീകളെ ഒരിക്കലും അതിനുവേണ്ടി നിർബന്ധിക്കരുത്: ദീപിക

നീണ്ട ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ബോളിവുഡ്താരം ദീപിക പദുക്കോൺ സുഹൃത്തും കാമുകനുമായ രൺവീർ സിങ്ങിന്റെ വധുവായത്. കഴിഞ്ഞ നവംബറിൽ ആയിരുന്നു ലോകം ആഘോഷിച്ച താരവിവാഹം. വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുന്നതിനു മുൻപേ ദീപിക ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ വാർത്തയുടെ സത്യാവസ്ഥയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ദീപിക പറഞ്ഞതിങ്ങനെ :-

'' സംഭവിക്കേണ്ട സമയത്ത് അത് സംഭവിച്ചോളും. വിവാഹിതയായി എന്ന ഒരൊറ്റക്കാരണം തുറുപ്പുചീട്ടായി എടുത്തിട്ടാണ് ആളുകൾ അമ്മയാകുന്നതിനെക്കുറിച്ച് ചോദ്യമെറിയുന്നത്. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും എന്നോടിത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്നു കരുതി ഒരിയ്ക്കലും സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുത്. തീർച്ചയായും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അത് സംഭവിക്കേണ്ടതാണ്. പക്ഷേ ആ ഒരവസ്ഥയിൽക്കൂടി കടന്നു പോകാൻ അവരെ നിർബന്ധിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാറ്റം എന്നത് പ്രാവർത്തികമായാൽ മാത്രമേ ഇത്തരം ചോദ്യങ്ങൾക്ക് ഒരവസാനമുണ്ടാകൂവെന്ന് ഞാൻ വിശ്വസിക്കുന്നു.

മേഘ്ന ഗുല്ഡസാർ സംവിധാനം ചെയ്യുന്ന ഛാപാക് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ദീപിക. ആസിഡ് ആക്രമണത്തിന്റെ ഇര ലക്‌ഷ്മി അഗർവാളിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ കഥാപാത്രത്തിന്റെ ആദ്യലുക്ക് താരം ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. എന്നെന്നും എന്നോടൊപ്പം ഈ കഥാപാത്രമുണ്ടാകും എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. 2020 ജനുവരി 10 നാണ് ഛാപാക് റിലീസ് ചെയ്യുന്നത്.

3 months ago