‘പലരും ചെയ്യരുതെന്ന് പറഞ്ഞു, എന്നിട്ടും ആസിഫ് ആ റോൾ ചെയ്തു’

പാർവതി തിരുവോത്ത് പ്രധാനവേഷത്തിലെത്തിയ ഉയരെ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷം അഭിനയിച്ച ആസിഫ് അലിക്ക് അഭിനന്ദനപ്രവാഹം. സിനിമയിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആസിഫ് മികച്ചതാക്കിയെന്നാണ് ആരാധകർ പറയുന്നത്. നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്ക് നെഗറ്റീവ് ആണെന്ന് അറിയില്ലെന്നായിരുന്നു ചിത്രം കണ്ട് കഴിഞ്ഞപ്പോൾ ആസിഫ് അലിയുടെ ഭാര്യ പ്രതികരിച്ചത്. 

ഉയരെയുടെ സംവിധായകൻ മനു അശോകൻ ആസിഫ് അലിയുടെ കഥാപാത്രത്തെ സംബന്ധിച്ച് പറയുന്നത് ഇതാണ്. ‘പലരും ആസിഫിനോട് ഇൗ കഥാപാത്രം ചെയ്യരുതെന്ന് പറഞ്ഞു. അദ്ദേഹം ഫീൽ ഗുഡ് സിനിമകളിലൊക്കെ നായകനായി നിൽക്കുന്ന സമയമല്ലേ. ആരാധകർക്കു പോലും ഇഷ്ടമാവില്ല എന്ന് അദ്ദേഹത്തോട് എല്ലാവരും പറഞ്ഞു. പക്ഷേ അതൊന്നും വക വയ്ക്കാതെ അദ്ദേഹം ചിത്രത്തിൽ അഭിനയിച്ചു. നെഗറ്റീവ് ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയ്ക്കുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പോലും പ്രതികരിച്ചത്.’

‘ടൊവീനോ ഒരുപാട് സിനിമകളുടെ ഷൂട്ടിങ്ങിനിടെ നിൽക്കുമ്പോഴാണ് ഞങ്ങൾ അദ്ദേഹത്തെ സമീപിക്കുന്നത്. കഥ കേട്ടു കഴിഞ്ഞ് ഡേറ്റ് ഇല്ലെങ്കിൽ ഉണ്ടാക്കി ചെയ്യാം എന്നാണ് ടൊവി പറഞ്ഞത്. അതു പോലെ ഇൗ ചിത്രത്തിലെ ഇമോഷനൽ രംഗങ്ങളെക്കുറിച്ച് പലരും എന്നോട് ചോദിക്കുന്നുണ്ട്. അത് നന്നായി ചെയ്യാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിന് ഒരേയൊരു കാരണം രാജേഷ് പിള്ളയാണ്. അദ്ദേഹത്തിൽ നിന്നാണ് ഞാനത് പഠിചച്ചത്.’ മനു കൂട്ടിച്ചേർത്തു.

2 months ago