വിളിക്കാത്ത കല്യാണത്തിന് സദ്യ കഴിച്ച ലാലേട്ടൻ ഫാൻ !

മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ 31-ാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. 1988 ഏപ്രിൽ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു മോഹൻലാൽ സുചിത്രയെ വിവാഹം കഴിച്ചത്. പ്രശസ്ത തമിഴ് നടനും നിര്‍മാതാവായ കെ ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര.

ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നിരവധി പേരാണ് പ്രിയപ്പെട്ട ലാലേട്ടനും സുചിത്രയ്ക്കും വിവാഹ വാർഷിക ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ മോഹൻലാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് രസകരമായ ഒരു സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ബോബൻ സാമുവൽ.

ലാലേട്ടന്റെ വിവാഹത്തിന് വിളിക്കാത്ത അതിഥി ആയി താൻ പോയി ഭക്ഷണം കഴിച്ചിരുന്നു എന്നാണ് ബോബൻ സാമുവൽ പറയുന്നത്. ‘മോഹൻലാലിന്റെ കല്യാണം.. ഒന്നും നോക്കിയില്ല സൈക്കിൾ എടുത്ത് നേരെ വിട്ടു സുബ്രമണ്യം ഹാളിലേക്കു... ലാലേട്ടൻ ഫാൻ ആയ ഞാൻ വിളിക്കാത്ത സദ്യ കഴിച്ച കല്യാണത്തിന് 31 വർഷങ്ങൾ’.– അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ. ഒപ്പം ലാലേട്ടന്റെ വിവാഹ ചിത്രവും ബോബൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

3 weeks ago